Thursday, 25 April 2013

എന്നെ നീ എന്തു വിളിക്കും......

"മനസ് വല്ലാതെ വിങ്ങുമ്പോൾ കടുത്ത മൂടൽ മഞ്ഞിന്റെ ഘനമുള്ള പാളി കൊണ്ട് കണ്ണുനീർ ഗ്രന്ഥികളുടെ സുഷിരങ്ങളടച്ച് ചക്രവാളങ്ങൾക്കുമപ്പുറം കണ്ണുപായിച്ചു വെറുതെ പൊട്ടിച്ചിരിക്കുവാൻ ശീലിച്ച എന്നെ നീ എന്തു വിളിക്കും.........?"

                                                                 - ഷൈന സക്കീർ

Friday, 5 April 2013

ഒരു പ്രണയക്കുറിപ്പ്‌.....

ഓർത്തെടുക്കാൻ മാത്രം വർണശബളിമ ഉണ്ടായിരുന്നില്ല എന്റെ ജീവിതത്തിനു.... നരച്ച തവിട്ടു നിറത്തോടും ഏകാന്തമായ ദിനരാത്രങ്ങളോടും ഞാൻ താദാത്മ്യം പ്രാപിച്ചു തുടങ്ങിയപ്പോൾ നീ വന്നു... മഴവിൽ നിറങ്ങളുണ്ടായിരുന്ന നിൻറെ സ്വപ്‌നങ്ങൾ എനിക്ക് കടം തന്നു.... ആകാശത്തിലെ നക്ഷത്രക്കുഞ്ഞിനോട് കൂട്ടുകൂടാൻ പഠിപ്പിച്ചു..... പിന്നെ എന്റെ എകാന്തതകളിലെ കാൽപെരുമാറ്റമായി....

ഡിസംബർ തണുപ്പിൽ പുലർകാല സൂര്യനായും പൊള്ളുന്ന വെയിലിൽ ഒരു കുടയുടെ തണലായും നീ എന്നെ പൊതിഞ്ഞു..... പിന്നെ നീ അക്ഷരങ്ങളായി.... വക്ക് കീറിയ ഓർമക്കുറിപ്പിലെ രണ്ടു വരി കവിത നീയായി.... മഴ പെയ്തൊഴിഞ്ഞ പ്രഭാതത്തിൽ മുറ്റത്തു പെയ്ത മരവും നീ....

ഇതു പ്രണയമാവാം അല്ലെങ്കിൽ എല്ലാം പ്രണയമെന്നു വിശ്വസിക്കുന്ന എന്റെ ഭ്രമ കല്പനകളും.........
                                                 -എന്നു സ്വന്തം മാളു