Tuesday 28 June 2016

My Hero

My Hero 

                                             തൂലികത്തുമ്പിലേക്ക്  കൂട്ടുചേരാതെ  പരന്നൊഴുകുന്ന  ഓർമ്മകൾക്കിടയിൽ നിന്നും എങ്ങനെ  എഴുതി തുടങ്ങണമെന്ന ആശയക്കുഴപ്പമാണ് ഇപ്പോഴും.. എഴുത്ത് എന്നും സന്തോഷമാണ്...  അച്ഛനെക്കുറിച് ആകുമ്പോൾ പ്രത്യേകിച്ചും.... 



                                          അക്ഷരങ്ങളായി അടുക്കി വെക്കാൻ ശ്രമിക്കുമ്പോൾ കൂട്ടം തെറ്റിയോടുന്ന ഓർമ്മകൾ.... അരികുകളിൽ ചോര പൊടിഞ്ഞ ചിലത്..... വാൽസല്യമൂറുന്ന മറ്റു ചിലത്.... ചിതൽക്കുത്തേറ്റു  തുടങ്ങിയ പഴയ ഓർമകളിൽ കളിക്കൂട്ടുകാരനാണ് അച്ഛൻ....  ചിലപ്പോഴൊക്കെ കുറുമ്പ് അതിര് കടക്കുമ്പോൾ സ്നേഹം കൈവെള്ളയിലെ ചുവന്നു തിണർത്ത പാടാകും.... കളിയിടവേളകളിലും ഉറക്കം തേടിയെത്താത്ത രാത്രികളിലും മായാവിയും ലുട്ടാപ്പിയും ശിക്കാരി ശംഭുവുമൊക്കെ അച്ചന്റെ ശബ്ദത്തിൽ എന്നെ തേടിയെത്തി ......




               കുറച്ചൂടെ മുതിർന്നപ്പോൾ എല്ലാ സംശയങ്ങള്ക്കും ഉത്തരങ്ങളായി അച്ഛൻ അതിമാനുഷികനായി.... കുഞ്ഞു കാലത്തെ പല പല സൂക്ഷിപ്പുകളിൽ  (വെള്ളിത്തൂവൽ,  കുപ്പിവളപ്പൊട്ട്‌, കുഞ്ഞുമഞ്ചാടിക്കുരു... ) എന്തെങ്കിലുമൊക്കെ കാണും അച്ഛന്റെ കരവിരുതിൽ.... എന്റെ കുഞ്ഞുമനസ്സിന്റെ വലിയ സമ്പൂർണതയായിരുന്നു അച്ഛൻ...
പിന്നെപ്പിന്നെ മായാവിക്കും ജംബനുമൊക്കെ പകരം ടോട്ടോച്ചാൻ എത്തി... അമർചിത്ര കഥകളും ഡൈജെസ്റ്റും യൂറീകയും എത്തി....  സ്വതവേ മടിച്ചിയായൊരെന്നെ പുസ്തകങ്ങൾക്കിടയിൽ ഒരു ജീവിതം സ്വപ്നം കാണാൻ പഠിപ്പിച്ചു.... പരിചയമില്ലാത്തൊരു ലോകത്തിൽ തനിയെ നടക്കാനുള്ള ആത്മവിശ്വാസം തന്നു...



                                     കൌമാരത്തിൽ അച്ഛൻ എന്റെ പരാതിപ്പെട്ടിയായി ..... എന്റെ ഒറ്റപ്പെടലുകളിലേക്കും പരിഭവങ്ങളിലേക്കും  കൂടെ വന്നു .....വായനയാണ് എന്നിലേക്കുള്ള വഴിയെന്ന്.... അങ്ങനെയും സമാധാനം നേടാമെന്ന് ചിരിച്ചുകൊണ്ട് വലിയോരറിവ് പകർന്നു തന്നു..... വീട് വിട്ടു പഠിക്കാൻ പോയ കാലത്ത് അച്ഛനായിരുന്നു വർത്തമാനപ്പത്രം... നാട്ടിലെയും വീട്ടിലെയും വിശേഷങ്ങൾ അങ്ങനെ എന്റെ കാതിലെത്തി... എന്റെയും അമ്മയുടെയും സൌന്ദര്യ പിണക്കങ്ങളിലെ സ്ഥിരം ഒത്തുതീർപ്പുകാരൻ... അക്ഷരങ്ങളിൽ നിന്ന് വാർത്തകളിലേക്ക്.. അതിൽ  നിന്ന് തീരുമാനങ്ങളിലേക്ക്.... 





                                                         പിന്നെയൊരു സുപ്രഭാതത്തിൽ  പക്ഷാഘാതം അച്ഛന്റെ സംസാരം കവർന്നെടുത്തു... എനിക്കിപ്പോഴും ഓർമയുണ്ട് എന്നെക്കണ്ട് നിറഞ്ഞൊഴുകിയ ആ കണ്ണുകൾ.... ചിലപ്പോഴൊക്കെ ഒന്നും പറയാനാവാതെ നിസഹായയായി ഞാൻ നിൽക്കാറുണ്ട്, ജീവിതത്തിലെ എല്ലാ മഹാത്ഭുതങ്ങളിലേക്കും എന്നെ കൈ പിടിച്ചു നടത്തിയ അച്ഛന്റെ മുന്നിൽ.....


ഓർമ്മകളിൽ നിന്നു ഓർമ്മകളിലേക്ക്....... എന്നിൽ നിന്നു നിന്നിലേക്ക്‌ .....അങ്ങനെ അച്ഛനോർമ്മകൾ വീണ്ടും വീണ്ടും പെയ്തുകൊണ്ടേയിരിക്കുന്നു.....