നക്ഷത്രക്കുഞ്ഞുങ്ങളോട് കഥ പറഞ്ഞു ഞാന്‍ മടുത്തു..... അവരൊന്നും എന്നോട് സംസാരിക്കാന്‍ വരുന്നില്ലെന്നേ.... നിങ്ങളും അങ്ങനെതന്നെ ആവ്വുവോ........
Monday, 9 December 2013
പ്രണയം
കടപുഴകിയ തണല്മരത്തിലെ കിളിക്ക് നഷ്ടപ്പെട്ട കൂടായിരുന്നു എനിക്ക് പ്രണയം..(വാല്സല്യത്തെക്കാൾ പ്രണയത്തിനു മാധുര്യമുണ്ടായിരുന്നെന്നു വിശ്വസിച്ചിരുന്ന കൌമാരത്തിന് സ്തുതി..!!!). അറിയാത്ത ഭാവങ്ങൾ.. നിറമില്ലായ്മകളിലേക്ക് പറന്നിറങ്ങിയ മഴവിൽ നിറങ്ങൾ.. കണ്ണ് മഞ്ഞളിച്ചു പോയി ഒരു നിമിഷം... യാഥാർത്യമറിയും വരെ....., കൂട് വേണമായിരുന്നു.., അപ്പോൾ.., നല്ലതെന്നോ ചീത്തയെന്നോ ഓർക്കാതെ.. ശരിയും തെറ്റും ഇഴതിരിച്ചു കണക്കെടുക്കാതെ..,
ഒരു തീരുമാനം എന്നെ എങ്ങനെയെല്ലാം ബാധിക്കുമെന്ന് ഞാൻ ചിന്തിച്ചില്ല.., അക്ഷരങ്ങൾക്ക് വെളിച്ചം നഷ്ടമായി.., എന്റെ ചിന്തകള്.., എന്റെ മോഹങ്ങൾ.., എല്ലാം അവൻ മാത്രമായി..,
എന്നിട്ടിപ്പോ എന്തായി..? ബഹളങ്ങളിൽ ഒറ്റപ്പെട്ടു പോയ കുട്ടിയുടെ അതേ അവസ്ഥ... എല്ലാരും ഉണ്ട്., പക്ഷെ ആരും ഇല്ല.., ഈ അനാതാഥ്വ ബോധം എന്നെ വിട്ടു പോവാത്തതെന്തേ...???
-എന്ന് സ്വന്തം മാളു
Saturday, 26 October 2013
ബാല്യം
ദേവു, അവളെന്നെ ഞെട്ടിച്ചോണ്ടിരിക്കുന്നു..., ഇന്നവൾ എന്നോട്
പറയ്യ്യാ.. brother ഉം father ഉം അല്ലാതെ
ആരും നമ്മളെ തൊടരുതെന്ന്...,
ഈ അകലങ്ങളൊക്കെ മാഞ്ഞു
പോയി ജീവിതം പ്രണയം
മാത്രമാവുന്ന ഒരു കാലമുണ്ടാവും
ജീവിതത്തിലെന്നു ഞാനെങ്ങനെ പറയാനാ അവളോട്......
മുമ്പൊരു ദിവസം പറഞ്ഞു മലയാളികള്ക്ക്
മാത്രമേ സ്നേഹമുള്ളൂ, പുറത്തു നിന്ന് വരുന്നവരെല്ലാം
സ്നേഹിക്കാനറിയാത്തവരാനെന്നു..,
ആരും ആരെയും സ്നേഹിക്കുന്നില്ലെന്നു
മനസ്സിലാക്കുമ്പോൾ നീയെന്തു ചെയ്യും കുട്ടീ...???
എല്ലാ സ്നേഹങ്ങളും അഭിനയങ്ങൾ മാത്രമാണെന്ന് എങ്ങന്ന്യാ
നീ accept ചെയ്യ്യാ..??
ഉം... അവളിതിനെയെല്ലാം overcome ചെയ്യ്യാരിക്കും.. എനിക്കുമുണ്ടായിരുന്നല്ലോ ലോകം മുഴുവൻ സ്നേഹമാണെന്ന്
വിശ്വസിച്ചിരുന്ന ബാല്യം..
അങ്ങനെയല്ലെന്നറിഞ്ഞപ്പോൾ
എന്തുണ്ടായി...?? ഞാനും അങ്ങനെ ആവാൻ
തുടങ്ങി...
വേരെന്തുണ്ടാവാനാ,
അതാണല്ലോ ചരിത്രം...
"We are always following the words "
-എന്ന് സ്വന്തം മാളു
കാത്തിരിപ്പിന്റെ കലാലയ വർഷങ്ങൾ...
കോളേജ് എന്ന് കേട്ടാലെ കാത്തിരിപ്പുകളാണു
ഓർമ വരിക..,
ലീവിന് വേണ്ടിയുള്ള കാത്തിരിപ്പുകൾ...,ചൊവ്വാഴ്ചകളിലെ ചോറിനു വേണ്ടിയുള്ള കാത്തിരിപ്പുകൾ...,
വൈകുന്നേരത്തെ ചായയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പുകൾ...,
തീവണ്ടിക്കു വേണ്ടിയുള്ള കാത്തിരിപ്പുകൾ..,
അങ്ങനെയങ്ങനെ...
ഒരു അധ്യായന വർഷത്തിനിപ്പുറം ഇരുന്നാലോചിക്കുമ്പോൾ മനസ്സിലാകുന്നു കലാലയം ഒരു മായക്കാഴ്ച്ചയായിരുന്നെന്നു..., ഓർത്തു നോക്കുമ്പോൾ സന്തോഷജനനി ആയതൊന്നുമില്ല അവിടെ..,
എന്നെക്കാൾ ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്ന് പറയുന്ന ഒരു കാമുകനോ ഞാൻ നേടിയതിലേറെ നിങ്ങൾക്ക് പകർന്നു തന്നു എന്നവകാശപ്പെടാൻ കഴിയുന്ന ഒരധ്യാപകനും ഒന്നുമുണ്ടായിരുന്നില്ല അവിടെ...,
ഞാനുണ്ടാവും കൂടെ എന്ന് പറഞ്ഞ സുഹൃത്തുക്കളൊക്കെയും ഇപ്പൊ അവരവരുടെ തിരക്കുകളിൽ...
ഒരു മിസ്ഡ് കോളോ മെസേജോ ആയി പോലും എന്റെ ദിനാന്തങ്ങളിൽ എത്തി നോക്കാത്തവർ...,
ഇന്നലെകളിൽ നിന്ന് പൊടി തട്ടിയെടുക്കുമ്പോൾ ചോര പൊടിയുന്ന ഒരോർമ പോലുമില്ല എന്റെ കലാലയ ശേഖരത്തിൽ... ഈഗോകളും സ്നേഹമുണ്ടെന്ന് തോന്നിപ്പിക്കലുമായിരുന്നു എല്ലാം... ഇല്ലാത്ത സ്നേഹം ഉണ്ടെന്നു സ്വയം വിശ്വസിപ്പിക്കാൻ ശ്രമിക്കുന്ന ഒരു മണ്ടി ഞാനും...,
കള്ളങ്ങൾ പറഞ്ഞു സ്വയം വിശ്വസിപ്പിച്ച് ഞാനുമൊരു വല്യ കള്ളമായ പോലെ...
-എന്ന് സ്വന്തം മാളു.
കാത്തിരിപ്പ്
ഓരോ പ്രഭാതങ്ങളും രാത്രിക്ക് വേണ്ടിയുള്ള കാത്തിരിപ്പിന്റെ
തുടക്കം മാത്രമാണ്.. ഞാൻ രാത്രികളിലാണ്
ജീവിക്കുന്നത് എന്ന് തോന്നുന്നു...
എന്റെ പ്രിയപ്പെട്ട പാട്ടുകൾ... എന്റെ പുസ്തകങ്ങൾ... എന്റെ
ചിന്തകൾ...
മറ്റാരും ശല്യപ്പെടുത്താത്ത ഒരു ലോകമാണ്
രാത്രികൾ എനിക്ക് സമ്മാനിക്കുന്നത്...
"ഒരു
നറു പുഷ്പമായ് എൻ
നേർക്കു നീളുന്ന മിഴിമുനയാരുടേതാവാം..." പ്രണയാതുരമായ പാട്ടുകളും,
പിന്നെ എന്റെ പ്രണയവും... ഞാനും
-എന്ന് സ്വന്തം മാളു.
ഓർമ്മകൾ
ചികഞ്ഞെടുക്കുമ്പോൾ ഓർമകൾക്കെല്ലാം ചെമ്പകം മണത്തിരുന്നെങ്കിലോ??
ചിലതെങ്കിലും
കർപ്പൂര ഗന്ധമുള്ളവ ആയിരുന്നെങ്കിലോ???
ഹൃദയത്തിൽ
നിന്നും അടര്ത്തിയെടുക്കുമ്പോ ചോര പൊടിയാത്തവ
ആയിരുന്നെങ്കിലോ??
വലിയൊരു കിണറു വെട്ടണം മനസ്സിൽ...
എല്ലാ ഓർമകളെയും അതിലിട്ട് മൂടണം....
ചത്തൊടുങ്ങട്ടെ
എല്ലാം..
ശ്വാസം മുട്ടിച്ചു കൊല്ലണം എനിക്കെല്ലാ
ഓർമകളെയും...
-എന്ന് സ്വന്തം മാളു.
Monday, 6 May 2013
നീ എന്നെ തനിച്ചാക്കുകയാണ്......
നീ എന്നെ തനിച്ചാക്കുകയാണ്......
ചുട്ടുപൊ ള്ളുന്ന വെയിലിൽ വഴിയരികിൽ.....
കോരിച്ചൊരിയുന്ന മഴയിൽ വയൽ വരമ്പിൽ......
സമയം തെറ്റിയോടുന്ന തീവണ്ടികൾ മാത്രം നിർത്തുന്ന ആളൊഴിഞ്ഞ റെയിൽവേ സ്റ്റേഷനിൽ........
ഷൈനയെ ഓർമിപ്പിക്കുന്ന പുഴക്കരയിൽ.........
സൂര്യൻ കുളിക്കനിറങ്ങുന്ന ബഹളം നിറഞ്ഞ കടലോരത്തു മണല്പരപ്പിൽ.....
എന്നെ കൂട്ടാതെയൊടുന്ന ഘടികാരസൂചികൾക്കൊപ്പം.......... ...
പൊടിപിടിച്ച ചിന്തകൾക്കും ശ്വാസം മുട്ടുന്ന ഏകാന്തതയ്ക്കും പേരുകേട്ട ലൈബ്രറിയിൽ.......
ഗോവർധനന്റെ സംശയങ്ങളിൽ........
കാന്റീനിലെ ഐസ്ക്രീം തണുപ്പിൽ.....
അവളുടെ ഓർമകളിൽ....
ആളൊഴിഞ്ഞ ഒറ്റമുറിയിൽ....
അഛന്റെ,അമ്മയുടെ ചോദ്യങ്ങളിൽ....
നിറഞ്ഞൊഴുകുന്ന കണ്ണുനീർ തുള്ളികളിൽ.....
അപ്പോഴെല്ലാം ഞാൻ തനിച്ചായി പോകുക തന്നെയാണ്...........
അപ്പോഴെല്ലാം ഞാൻ തനിച്ചായി പോകുക തന്നെയാണ്...........
ഒറ്റക്കല്‍ ലെന്നു നീ ആവർത്തിച്ചാവർത്തിച്ചു പറഞ്ഞാൽ കൂടി......
- എന്ന് സ്വന്തം മാളു
Thursday, 25 April 2013
Friday, 5 April 2013
ഒരു പ്രണയക്കുറിപ്പ്.....
ഓർത്തെടുക്കാൻ മാത്രം വർണശബളിമ ഉണ്ടായിരുന്നില്ല എന്റെ ജീവിതത്തിനു.... നരച്ച തവിട്ടു നിറത്തോടും ഏകാന്തമായ ദിനരാത്രങ്ങളോടും ഞാൻ താദാത്മ്യം പ്രാപിച്ചു തുടങ്ങിയപ്പോൾ നീ വന്നു... മഴവിൽ നിറങ്ങളുണ്ടായിരുന്ന നിൻറെ സ്വപ്‌നങ്ങൾ എനിക്ക് കടം തന്നു.... ആകാശത്തിലെ നക്ഷത്രക്കുഞ്ഞിനോട് കൂട്ടുകൂടാൻ പഠിപ്പിച്ചു..... പിന്നെ എന്റെ എകാന്തതകളിലെ കാൽപെരുമാറ്റമായി....
ഡിസംബർ തണുപ്പിൽ പുലർകാല സൂര്യനായും പൊള്ളുന്ന വെയിലിൽ ഒരു കുടയുടെ തണലായും നീ എന്നെ പൊതിഞ്ഞു..... പിന്നെ നീ അക്ഷരങ്ങളായി.... വക്ക് കീറിയ ഓർമക്കുറിപ്പിലെ രണ്ടു വരി കവിത നീയായി.... മഴ പെയ്തൊഴിഞ്ഞ പ്രഭാതത്തിൽ മുറ്റത്തു പെയ്ത മരവും നീ....
ഇതു പ്രണയമാവാം അല്ലെങ്കിൽ എല്ലാം പ്രണയമെന്നു വിശ്വസിക്കുന്ന എന്റെ ഭ്രമ കല്പനകളും.........
-എന്നു സ്വന്തം മാളു
Wednesday, 20 March 2013
Ha.....ha.....ha.......
മഴയെയും പുസ്തകങ്ങളേയും സ്നേഹിച്ചിരുന്ന ഞാൻ ഞാനെ അല്ലാന്നു തൊന്നുന്നു......ഈ ഞാൻ വെറാരൊ ആണു.....മടുപ്പോടെ മാത്രം കാണുന്ന ഒരു ആന മടിച്ചി.......ഇല്ലെങ്കിൽ കഴിഞ്ഞ ഞായറാഴ്ച്ചത്തെ വാരാന്തപതിപ്പ് ഒരു പേജു പോലും മറിക്കാതെ, ഒരു വരി പോലും വായിക്കാതെ ഞാൻ വെറുതെ ഇരിക്കുമായിരുന്നില്ല........
-എന്നു സ്വന്തം മാളു
-എന്നു സ്വന്തം മാളു
Monday, 11 March 2013
ആശ്ചര്യം, ഈ അര്‍ദ്ധവിരാമം.....
ഇതൊരു മുഷിഞ്ഞ പണിയാണ്.... ഈ ബ്ലോഗ്ഗെഴുത്ത്.... ലോകത്തെ നാനാജാതി മനുഷ്യരും അവര്‍ക്കാകും പോലെ പറഞ്ഞതും പറയാത്തതും ഉണ്ടതും ഉണ്ണാത്തതും എല്ലാം കുത്തിക്കുറിച്ചപ്പോള്‍ എനിക്കും തോന്നി ഒരാഗ്രഹം.... ഒരു ബ്ലോഗ്.... ഞാനും തുടങ്ങി ഒരെണ്ണം....(അതിനു ഗൂഗിളിനു പ്രത്യേകിച്ച് കാശൊന്നും കൊടുക്കേണ്ടല്ലോ....!!!)
അപ്പോഴാണ് title വേണമെന്ന് ഇതിയാന്‍ പറഞ്ഞത്....( ആര്..... നമ്മളെ ബ്ലോഗ്ഗറെ.....!!) ഈ പണ്ടാരത്തിനെന്തു പേരിടും....? പേര് തപ്പിത്തപ്പി നടന്നു..... ഇതിനാണ് സായിപ്പ് നാഴികയ്ക്കു നാല്പതു വട്ടം google it... google it... എന്നു പറയുന്നത്...... എനിക്ക് തോന്നിയതൊന്നും തരാന്‍ ബ്ലോഗ്ഗറിനു സൗകര്യമില്ലത്രെ.... അതൊക്കെ ആമ്പിള്ളെര്‍ കൊണ്ടുപോയെന്നു...... വേണമെങ്കില്‍ പുതിയത് കണ്ടുപിടിക്കെന്നു.... പരതിപ്പരതി മണ്ട കാഞ്ഞു.... എത്ര തേടിയിട്ടും എന്തേ ഈ ഗൂഗിളിന്റെ മണ്ട കായാത്തെ.....? ഇതിനാണ് തലവര (program) നന്നാവണമെന്ന് IT-ക്കാരന്‍ പറഞ്ഞത്..... അവസാനം അന്തവും കുന്തവുമില്ലാതായപ്പോള്‍ ഞാനൊരു പേരിട്ടു.... 'അര്‍ദ്ധവിരാമം......'
അല്ലാ..... അങ്ങനെ പറഞ്ഞാല്‍ എന്താ....? നിങ്ങളൊക്കെ ചോദിക്കാന്‍ തുടങ്ങും മുന്‍പേ ഞാന്‍ ഈ ചോദ്യം ചോദിക്കാന്‍ തുടങ്ങിയതാ.... അതാണ് ആദ്യമേ പറഞ്ഞത്.... അന്തവും കുന്തവുമില്ലാത്ത ഒരു സാധനം.... ഇതിലും ഭേദം full stop എന്നാണെന്ന് സുഹൃത്ത് കളി പറഞ്ഞു....
അങ്ങനെ പാതിപ്പണി തീര്‍ന്നു....(അര്‍ദ്ധവിരാമം.....)
ഒന്ന് നൊന്തു പെറ്റ സുഖം..... (ആശ്ചര്യം, ഈ അര്‍ദ്ധവിരാമം.....!!!)
ഇനി അതിനു എന്തേലുമൊക്കെ തിന്നാന്‍ കൊടുക്കണ്ടേ....?(post....!!)
ആരേലുമൊക്കെ എടുത്തോണ്ട് നടക്കണ്ടേ.....? (followers.......!!)
ആരെക്കൊന്ടെലും നാല് വാക്ക് നല്ലതു പറയിപ്പിക്കണ്ടേ.....?(comments.....!!)
ഇനി അതിനായി ശ്രമം.....
മനസ്സില്‍ തോന്നിയതൊക്കെ കുത്തിക്കുറിക്കാന്‍ ശ്രമിച്ചു..... ഒന്നും വരുന്നില്ല.... പേനയുടെ മഷി തീര്‍ന്ന പോലെ..... ഒഴുകിപ്പരന്ന ചിന്തകളൊക്കെ ഊറ്റിയെടുത്ത് പേനയ്ക്കുള്ളില്‍ നിറച്ചപ്പോള്‍ അത് താഴെ വീണു തെളിയാതായി..... ഇനിയിപ്പോ എന്ത് ചെയ്യും.....??
കള്ളക്കണക്കെഴുതാന്‍ ഒരു click counter വച്ചു..... അത് കാണിക്കാന്‍ ഒരു ഗ്രാഫും.... അത് നമ്മുടെ ഇടുക്കി അണക്കെട്ടില്‍ വച്ച ഭൂകമ്പ മാപിനി പോലെയായിപ്പോയി..... ഒന്നും കാണിക്കുന്നില്ല.... ഒരു നേര്‍വര മാത്രം.... അടുത്തവന്റെ ഗ്രാഫിലെ ഭൂകമ്പങ്ങളും ഇടി മുഴക്കങ്ങളും നോക്കി നെടുവീര്‍പ്പിടാം..... അത്ര തന്നെ......
ആരേലും വന്നു follow ചെയ്യുംന്ന് കരുതി..... ആര് വരാന്‍..... വഴിതെറ്റി വന്ന ഒന്നുരണ്ടുപേര്‍ അറിയാതെയൊന്നു ക്ലിക്കി.... അതോണ്ട് മാനം പോകാതെ രക്ഷപ്പെട്ടു......
നിക്കണോ പോണോ....ന്നു ചോദിക്കുമ്പോലെ...... ഇതൊരര്‍ദ്ധവിരാമം...... പക്ഷേ.... ഇതാവസാനിക്കുന്നില്ല.....

Thursday, 28 February 2013
എന്‍റെ മാത്രം തോന്നലുകള്‍
ആഷ്.........
നിന്‍റെ വാക്കുകളിലെരിയുന്ന അഗ്നി.....
കണ്ണുകളിലെരിയുന്ന പക....
നിന്റെയുള്ളില്‍ എന്നെപ്പറ്റി
ഇത്രയേറെ എതിരഭിപ്രായങ്ങള്‍ ഉണ്ടെന്നു
ഞാന്‍ ഇന്നലെയാണറിഞ്ഞത്....
എനിക്കു നിന്നോടു തോന്നിയതു ദേഷ്യമല്ല....
നീ സങ്കടങ്ങളില്‍ മുങ്ങി നിവര്‍ന്ന വൈകുന്നേരങ്ങള്‍....
കണ്ണുനീര്‍ തുള്ളികളായ് പറഞ്ഞു തീര്‍ത്ത സങ്കടങ്ങള്‍....
നീ എന്നെയാവശ്യപ്പെട്ട നിമിഷങ്ങളായിരുന്നു മനസ്സു നിറയെ...
കളികളും തമാശകളുമായി നമ്മളാഘോഷിച്ച ദിവസങ്ങള്‍.....
അക്ഷരങ്ങളായ് നീയെന്‍റെ പുസ്തകത്താളുകള്‍ നിറഞ്ഞു കവിഞ്ഞത്....
എനിക്കെന്നോടു തന്നെ ദേഷ്യം തോന്നി....
ഞാനറിയേണ്ടതായിരുന്നു....
നിന്‍റെ മനസ്സില്‍ എനിക്കുണ്ടെന്നു ഞാന്‍ കരുതിയ സ്ഥാനം
എന്‍റെ മാത്രം തോന്നലുകളായിരുന്നുവെന്ന്........
Monday, 25 February 2013
Out of Range
ഒരുപാടു നാളുകള്‍ക്കു ശേഷം ഇന്നാ ഞാന്‍ മരണക്കിണര്‍ കാണുന്നത്.... ജീവന്‍ പണയം വച്ചു അവര്‍ നടത്തുന്ന പ്രകടനത്തോടു പണ്ടൊക്കെ കൗതുകമായിരുന്നു തോന്നാറ്.... ഇന്നു എന്താ തോന്നിയെന്നോ.... നീ സൂക്ഷിച്ചു നോക്ക്..... എനിക്ക് സങ്കടം തോന്നി.... ഒരു നേരത്തെ അന്നത്തിനു വേണ്ടിയല്ലേ എല്ലാം.... ഇതൊരു ഞാണിന്മേല്‍ കളിയെങ്കിലും ജോലിയെന്നു പറയാം..... എങ്കില്‍ ട്രെയിനില്‍ കാണുന്ന വയറ്റത്തടിച്ചു പാട്ട് പാടുന്ന കുട്ടികളും ചെയ്യുന്നത് ഒരു ജോലിയല്ലേ? അപ്പൊ പൊരിവെയിലത്തു റോഡിലൂടെ ഭിക്ഷ യാചിക്കുന്ന പിഞ്ചു കുഞ്ഞുങ്ങളോ? തെരുവ് നായയ്ക്കൊപ്പം എച്ചില്‍ക്കൂനയില്‍ കയ്യിട്ടു വാരുന്ന ഭ്രാന്തനോ???
എന്താ നമുക്ക് മാറ്റങ്ങളൊന്നും വരുത്താന്‍ പറ്റാത്തത്?? നമ്മളല്ലേ എന്തെങ്കിലുമൊക്കെ ചെയ്യേണ്ടത്??
Saturday, 23 February 2013
നീ....
ഒരിക്കലെങ്കിലും ഇതു വായിക്കുകയാണെങ്കിൽ അന്നു നീ അറിയണം, എന്റെ സ്വപ്നങ്ങളിൽ നീ ഉണ്ടായിരുന്നുവെന്നു...... ഒരു ജന്മം ഒരുമിച്ചു വാഴാനല്ല, യാത്രയിൽ തളർന്നു വീണപ്പോൾ അലിവോടെ, അളവറ്റ സ്നേഹത്തോടെ എനിക്കു നേരെ നീണ്ട കൈ നിന്റേതായിരുന്നുവെന്ന തിരിച്ചറിവിന്റെ പേരിൽ, നിന്നെ ഞാനെന്റെ ഹൃദയത്തോട് ചേർത്തു വെക്കുന്നു.....
Subscribe to:
Posts (Atom)